Mar 7, 2009

മായാവി അണ്ടര്‍ പ്രഷര്‍

(ഈ ആഴ്ച മുതല്‍ മായാവി പുതിയ വേഷത്തില്‍ )നമ്മളെന്ത് കൊണ്ടാണ് സൂപ്പര്‍മാനേയും ബാറ്റ് മാനേയും ബഹുമാനിക്കുന്നത്?
പാന്‍റിന് മുകളില്‍ അണ്ടര്‍ വെയര്‍ ഇടുന്നത് കൊണ്ട്!
സാധാരണ പോലെ അണ്ടര്‍ വെയര്‍ ഇട്ടിട്ട് പാന്‍റ് ഇട്ടാല്‍ സൂപ്പര്‍മാനും ബാറ്റ് മാനുമൊക്കെ
വെറും റഹ് മാന്‍ അല്ലെങ്കില്‍ നരിമാന്‍


പണ്ട് കുറച്ച് മണ്ടന്മാര് അവര്‍ക്ക് ഗുണം കിട്ടാന്‍ വേണ്ടി ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും, അത് പോലെ ഇപ്പോ ചിലര്‍ക്ക് ഗുണം കിട്ടുന്നത് കാരണം നിലനിര്‍ത്തുന്ന വേറെ മണ്ടത്തരങ്ങളുമൊക്കെ മാറ്റാന്‍ പറയുന്നതൊക്കെ സഹിക്കാം.കാലഘട്ടത്തിനനുസരിച്ച് മതങ്ങളിലെ ചിലതൊക്കെയും മാറ്റാന്‍ പറയുന്നതും അംഗീകരിക്കാം. പക്ഷേ ഇത് അംഗീകരിക്കാനാവില്ല.ഇത് അക്രമമായി പോയി. ആദ്യം വേഷം മാറ്റും പിന്നെ മായാവിയുടെ തത്വങ്ങളില്‍ കടന്നു പിടിക്കും. ബാലരമ പോലുള്ള പ്രസിദ്ധീകരണങ്ങളില് പു.ക.സ യിലെ ബുദ്ധിജീവികളും,നിരീശ്വരവാദികളും കടന്നു കയറിയിട്ടുണ്ട്. മായാവിയെ തുണി ഉടുപ്പിക്കുന്നത് ആരംഭം മാത്രമാണ്. വലതുപക്ഷ ബുദ്ധിജീവികള്‍ ഇത് കാണാത്തത് വളരെ കഷ്ടമാണ്.

മായാവിയെ നമ്മള്‍ ബഹുമാനിക്കാന്‍ ആ വസ്ത്ര ശൈലിക്കും കൂടി ഒരു പങ്കുണ്ട്. നവോത്ഥാനം,മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞിപ്പോ ബാലരമ ചെയ്യുന്നത് വളരെ നീചമായ പ്രവൃത്തി ആണ്.
ആദ്യം സ്റ്റിക്കറില്‍ തുടങ്ങും പിന്നെ മുഖം മാറ്റിയത് പോലെ തന്നെ പലതും മാറ്റാന്‍ തുടങ്ങും.

നമ്മളെല്ലാം കണ്ട് പരിചയിച്ച യേശുക്രിസ്തുവും, നബിയും, ശ്രീകൃഷണനുമെല്ലാം നീല ബനിയനും,
വെള്ള ബൂട്ട് കട്ട് പാന്‍റുമിട്ട് നില്‍ക്കുന്ന ഒരു ഫോട്ടോ നമുക്ക് അംഗീകരിക്കാന്‍ കഴിയോ!

ഈ മന്ദബുദ്ധിജീവികള്‍ കയറിയ ഉടനേ തന്നെ ചില വൃത്തികെട്ട കളികള്‍ കളിക്കാനും തുടങ്ങി.
ചെകുത്താനെ ദൈവികവല്‍ക്കരിക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്ത് നിന്നുണ്ടായി.
മായാവിയില്‍ വില്ലനായ ലുട്ടാപ്പി കളിക്കുടുക്കയില്‍ ഇപ്പോ ലുട്ടാപ്പി നായക കഥാപാത്രമാണ്. ഇതെങ്ങനെ സംഭവിച്ചു.
മായാവിയുടെ വേഷവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലുട്ടാപ്പിയുടെ ഡ്രസ്സിംഗ് എത്രയോ
മെച്ച മാണ്. ഈ ആഴ്ച്ചയിലെ പുതിയ ലക്കത്തിലെ ചിത്രം താഴെ കൊടുത്തിരിക്കുന്നുമായാവി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് പക്ഷേ അതെല്ലാനും രാജുവിനും രാധയ്ക്കും വേണ്ടി ആയിരുന്നു........’
3-4 കുടുംബം തകര്‍ത്ത കാര്യം മറക്കരുത്.
1.ലുട്ടാപ്പിയുടെ
2.വിക്രമന്റെ
3.മുത്തുവിന്റെ
4.കുട്ടുസന്റെയും ഡാകിനിയുടേയും....
എന്നാലും അദ്ദേഹത്തിനെ അവഹേളിക്കുന്നത് ശരിയല്ല.

പക്ഷേ ഇത് വന്ന് വന്ന് അവസാനം എന്‍റെ അവതാരത്തിന്‍റെ തലയിലേക്കും കേറും അത് കൊണ്ടാണ് തുടക്കം തന്നെ ഞാന്‍ പ്രതികരിക്കാന്‍ തുടങ്ങിയത്

എന്‍റെ അവതാരത്തിന്‍റെ(ബഹു.. ഡിങ്കന്‍റെ) പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ,തിരിച്ചറിയല്‍ കാര്‍ഡ്,
6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് തുടങ്ങി ...എന്തിന് ഞങ്ങളുടെ അവതാരത്തിന്‍റേ വീഡിയോ വരെ ഞങ്ങളുടെ സമീപം തെളിവായുണ്ട്. (പിന്നെ അതൊന്നും യൂട്യൂബില്‍ അപ്പ് ലോഡ് ചെയ്ത് മറ്റ്
മത വിശ്വാസികളെ ഭ്രാന്താക്കണ്ട എന്ന് കരുതി ചെയ്യാത്തതാണ്).
അത് കൊണ്ട് തന്നെ ഞങ്ങളുടെ അവതാരം എന്നും നിലനില്‍ക്കും
എങ്കിലും ഞങ്ങള്‍ ബാക്കിയുള്ള വിശ്വാസികളെയും ബഹുമാനിക്കുന്നു. അവര്‍ക്ക് ഒരു പ്രശ്നം വന്നാല്‍ ഞങ്ങള്‍ കൂടെ ഉണ്ടാകും.ഇത് വന്ന് വന്ന് ഞാന്‍ വിശ്വസിക്കുന്ന എന്‍റെ അവതാരത്തിന്റ്റെ തലയിലേക്കും കയറാനുള്ള സാധ്യത ഉണ്ട്.റഷ്യയും,ക്യൂബയേയും പോലുള്ള രാജ്യങ്ങളിതിന് പിന്നില്‍ കളിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

ഞാനിപ്പോ എഴുതുന്നത് മായാവി ഫാന്‍സ് അസോസിയേഷന്‍റെ സെക്രട്ടറിക്ക് അയച്ചിരുന്നു.
അവരിത് വായിച്ചതും, മായാവിയുടെ സ്റ്റിക്കറുമായി പോയ മനോരമയുടെ ബസ് കത്തിച്ചു.
നിങ്ങളാരും ഇത് വായിച്ച് പ്രകോപിതരാകരുത്. പണ്ട് താലിബാനിലെ ഒരു മഹാന്‍ ബുദ്ധന്‍റെ പ്രതിമ തകര്‍ത്തപ്പോ ബുദ്ധിസ്റ്റുകള്‍ എങ്ങനെ സഹിഷ്ണുതയോടെ പ്രതികരിച്ചുവോ അത് പോലെ ദു:ഖം രേഖപ്പെടുത്തുക.

ഓം ക്രീ കുട്ടിചാത്താ,ഓം ക്രീ കുട്ടിചാത്താ എന്ന് വിളിക്കുമ്പോള്‍ പറന്നെത്തുന്ന അങ്ങ് അങ്ങേയ്ക്കൊരു പ്രശ്നം വന്നപ്പോആരെ ആണ് വിളിച്ചത് ?ഡിങ്കാ എന്നാണോ ?എനിക്ക് അങ്ങനെ ആണ് തോന്നുന്നത്.അല്ലെങ്കില്‍
പിന്നെ അങ്ങേയ്ക്ക് വേണ്ടി ആരാണിതെന്നെ കൊണ്ട് ഇതെഴുതിക്കുന്നത്.ഇന്ന് രാവിലെ ഡിങ്കന്‍റെ ഫോട്ടോയില്‍ തൊഴുതു നിന്ന എനിക്ക് പെട്ടെന്ന് ബാലരമ വായിക്കാനും ആദ്യത്തെ നോട്ടത്തില്‍ തന്നെ മായാവിയുടെ പുതിയ വേഷത്തിനു പിന്നിലെ കളിക്ക് പിന്നിലെ ഗൂഡാലോചന മനസ്സിലാക്കാനും സാധിപ്പിച്ചു തന്നതും എന്താണ് ?എനിക്കിപ്പോ ഉള്ള സംശയം അഹം ഡിങ്കാസ്മി?കുറേ നാളായി ഈ സംശയം ഇന്ന് ഡിങ്കന് പറയാനുള്ളതൊക്കെ എന്നെ കൊണ്ടാണോ പറയിപ്പിക്കുന്നത് എന്ന്.(ആര്‍ക്കൊക്കെയോ ആരോടോ എന്തോ പറയാനുണ്ട്!)

എല്ലാ വിശ്വാസികളും ഒന്നാം മായാവിമോചന സമരത്തിന് തയ്യാറാകുക. അല്ലെങ്കിലതിന്‍റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും!!

12 comments:

നീര്‍വിളാകന്‍ said...

ഞാന്‍ മുന്‍പെ പറഞ്ഞിരുന്നു.... ഞാന്‍ സൂത്രന്റെ ആളാണെന്ന്.... എനിക്കീ രക്തത്തില്‍ പങ്കില്ല...ഓം സൂത്രായ നമഃ

പാവപ്പെട്ടവൻ said...

വളരെ മനോഹരമായിരിക്കുന്നു
ആശംസകള്‍

അപ്പൂട്ടൻ said...

ഹെന്ത്..... ഇവര്‍ നമ്മുടെ പരിപാവനമായ മായാവിരൂപത്തിലും (മായാവി രൂപം എന്ന് പിരിച്ചു വായിക്കുക്ക, വേറെ തരത്തില്‍ വായിച്ചാല്‍ ആക്രീ, സോറി അക്ഷരലുട്ടാപ്പി, ഓം ഹ്രീം എന്ന് വിളിച്ചു സാക്ഷാല്‍ മായാവിയെ വരുത്തും) കൈവേച്ചോ? ഇക്കണക്കിനു പോയാല്‍ പരിപാവനം വെറും പരിപ്പാവാന്‍ അധികം സമയമില്ല. അടിച്ചോടിക്കിന്‍, സോറി, അടിച്ചു പറത്തിന്‍ ഇജ്ജാതി അവിശ്വാസികളെ.

ഇനീപ്പോ അധികം താമസമില്ല മായാവിയുടെ വടി (മായാവി വടി അല്ല) മാറ്റി പകരം ക്രിക്കറ്റ് ബാറ്റാക്കാന്‍. പ്രതികരിക്കണം, പ്രതിയെയും കരിക്കണം, അല്ലാതെ ബുദ്ധന്റെ മട്ട് നിന്നാല്‍ പോരാ.

ഞാന്‍ മായാവി ഗ്രൂപ്പാ, കാരണം വീട്ടില്‍ വരുത്തുന്നത് കളിക്കുടുക്ക ആണെന്നത് തന്നെ. ഇത്തവണത്തെ ഗ്രന്ഥം കണ്ടില്ല, അതിനാല്‍ പുതിയ വ്യാഖ്യാനങ്ങള്‍ കാണാനും ഇടകിട്ടിയില്ല. മകനോടൊന്നു ചോദിക്കട്ടെ കുറച്ചുനേരം കടം തരാന്‍, ശ്രദ്ധിച്ച്‌ വായിച്ചിട്ട് വേണം കൂടുതല്‍ പ്രതികരിക്കാന്‍.

ഉപ ബുദ്ധന്‍ said...

നീര്‍വിളാകന്‍
സൂത്രന്‍ ഒരു കലാകാരന്‍റെ ഭാവനയില്‍ വിരിഞ്ഞ ഒരു സാഹിത്യ സൃഷ്ടി ആണ്.

പക്ഷേ ഡിങ്കന്‍ അങ്ങനെ അല്ല.

എന്‍റെ അവതാരത്തിന്‍റെ(ബഹു.. ഡിങ്കന്‍റെ) പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ,തിരിച്ചറിയല്‍ കാര്‍ഡ്,
6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് തുടങ്ങി ...എന്തിന് ഞങ്ങളുടെ അവതാരത്തിന്‍റേ വീഡിയോ വരെ ഞങ്ങളുടെ സമീപം തെളിവായുണ്ട്.


“Three things cannot be long hidden: the sun, the moon, and the Dinkan”

Buddha quotes
------------------------

പാവപ്പെട്ടവന്‍
Daanks
-----------------------
അപ്പൂട്ടന്‍ഞാനിപ്പോ ചെറിയ ഒരു ദു:ഖത്തിലാണ്

അടുത്ത വീട്ടിലെ ഒരു 3-ആം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്‍ ഈ ആഴ്ച്ചയിലെ ബാലമംഗളം വാങ്ങി കൊണ്ടു പോയിട്ട് ഇത് വരെ തിരിച്ച് തന്നിട്ടില്ല.തെണ്ടി
-----------------------

ദീപക് രാജ്|Deepak Raj said...

മായാവിയെ നാണം കെടുത്താനുള്ള കുല്‍സിത ശ്രമമല്ലേ. മായാ. വി. എന്ന് എടുക്കുക..

Maria said...

മോള്‍ക്ക്‌ ഒന്നാം ക്ലാസ്‌ വാര്‍ഷിക പരീക്ഷയായതുകൊണ്ട്‌ ഭാര്യ (ഭയങ്കരി) ഡിങ്കന്‍ ലുട്ടാപ്പി മായാവി സൂത്രനാദി അവതാരങ്ങളെ വീട്ടില്‍ കയറ്റരുതെന്ന് കല്‍പ്പിച്ചിരിക്കയാണ്. എങ്കിലും അവളുടെ കണ്ണുവെട്ടിച്ച്‌ ഞങ്ങള്‍ തരം കിട്ടുമ്പോലെയൊക്കെ ഒളിഞ്ഞും തെളിഞ്ഞും വായിക്കുന്നുണ്ട്‌. ശ്ശോ! ഈ മാത്തുക്കുട്ടിച്ചായന്റെ ഒരു കാര്യം! കോണകമില്ലാത്ത കൊച്ചുവീരന് പിന്നെ എന്തെങ്കിലും ഗ്ലാമര്‍ ബാക്കിയുണ്ടാകുമോ? ഗാന്ധിജി 3 പീസ്‌ സൂട്ടും ധരിച്ച്‌ വട്ടമേശക്കു പോയപോലിരിക്കും. ങാ, മത്തുക്കുട്ടിച്ചായനും പ്രായമായില്ലേ? കാര്യങ്ങളൊക്കെ ഇപ്പൊ ന്യൂ ജെന്‍ പിള്ളാരുടെ കയ്യിലാരിക്കും. അണ്ട്രോറിട്ട മായാവി കോണോംകെട്ടിയ കൊച്ചുവീരനേപ്പൊലെ തന്നെ സനാതനസത്യത്തിന്റെ പൊരുളിന്റെ ഭാഗമായിരുന്നു എന്നൊന്നും പിള്ളാര്‍ക്ക്‌ അറിയില്ലല്ലൊ!

Maria said...

ഉപബുധന്റെ പോസ്‌റ്റുകള്‍ വായിക്കുന്ന സുഹ്രുത്തുക്കള്‍ക്ക്‌,
maya marayoor (kerala blog roll)എന്ന ബ്ലോഗറുടെ അവസാനത്തെ രണ്ട്‌ പോസ്‌റ്റുകളും പ്രതികരണങ്ങളും സമയം കിട്ടിയാല്‍ വായിച്ചുനോക്കുക. ഉറച്ച രാഷ്‌ട്രീയ കാഴ്‌ച്ചപ്പാടുകളില്ലാത്തവര്‍ക്ക്‌ ആസ്വദിക്കാനായേക്കും. (തെറ്റിധരിക്കരുത്‌. മായ മറയൂര്‍ എന്ന ബ്ലോഗര്‍ ഞാനല്ല!)

ഉപ ബുദ്ധന്‍ said...

മായാ മറയൂറിനെ ഇഷ്ടമായി....

പിന്നെ പോളേട്ടന്

എന്ത് കൊണ്ട്
ഉറച്ച രാഷ്‌ട്രീയ കാഴ്‌ച്ചപ്പാടുകളില്ലാത്തവര്‍ക്കും
പ്രത്യയശാസ്ത്ര അന്ധത ഇല്ലാത്തവര്‍ക്കും
വേദങ്ങളില് നിന്നും തെറ്റും ശരിയും വേര്തിരിക്കാത്തവര്‍ക്കും വേണ്ടി
ഒരു
ബ്ലോഗ് തുടങ്ങിക്കൂടാ?????????????????

Maria said...

അത്ര വലിയ ഒരു പ്രതിബദ്ധത ഏറ്റെടുക്കുന്നതിനുള്ള ബൗധികമായ ഉള്‍ക്കരുത്ത്‌ എനിക്കുണ്ട്‌ എന്നുതോന്നിയിട്ടില്ല ഉപബുദ്ധാ. അതിലും എനിക്കുയോജിക്കുന്നത്‌ സമാന ആശയങ്ങളുള്ളവരുടെ ബ്ലോഗുകളില്‍ ശരിയായ ആശയങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവയെ പിന്‍തുണക്കുന്നതാണ് എന്നു തോന്നി. ഇ.എം. ഫോസ്‌റ്ററുടെ ഒരു ലേഖനത്തില്‍ അദ്ദേഹം ഏതാണ്ട്‌ താഴെപ്പറയുന്ന മട്ടില്‍ ഒരാശയപ്രകടനം നടത്തിയിട്ടുണ്ട്‌. "ഹ്രുദയത്തില്‍ സത്യത്തിന്റേയും നന്മയുടേയും ഒരു തീപ്പൊരി അണയാതെ സൂക്ഷിക്കുന്നവര്‍ക്ക്‌ തങ്ങള്‍ ഈ പ്രപഞ്ചത്തെ ചൂഴ്‌ന്നുനില്‍ക്കുന്ന അന്ധകാരത്തില്‍ ഒറ്റപ്പെട്ടുപോയി എന്നു തോന്നാറുണ്ട്‌. പക്ഷേ ഓര്‍മ്മിക്കുക. നിങ്ങളുടെ ഹ്രുദയത്തിലേതുപോലെ അനേകായിരം കുഞ്ഞുനക്ഷത്രങ്ങള്‍ ഈ മഹാന്ധകാരത്തിലെവിടെയൊക്കെയോ മിഴിചിമ്മി നില്‍ക്കുന്നുണ്ട്‌. ഒരിക്കല്‍ ഈ നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരുജ്വാലയായി പരിണാമത്തിന്റെ പാതയില്‍ ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലാത്ത മാനവസമൂഹത്തിനുനേര്‍വഴി കാട്ടിയേക്കും". ഞാന്‍ നക്ഷത്രങ്ങളെ തേടുകയാണ് ഉപബുദ്ധാ, താങ്കളേപ്പോലെതന്നെ.

binu said...

ഇതെല്ലാം പുതിയ വ്യാഖ്യാനങ്ങളാണ്. ബാലരമ എന്ന ആദിപുരാതനഗ്രന്ഥത്തിന്റെ ആദ്യ ലക്കങ്ങളില്‍ കാണുന്ന “പഴയനിയമങ്ങള്‍” വായിച്ച് നോക്കിയാല്‍ അതില്‍ സര്‍വ്വശക്തനായ മായാവിയുടെ ഡ്രസ്സ് കോഡ് വ്യക്തമായി കാണാം. അതില്‍ പറയുന്നത് ചുരുണ്ട കാപ്പിരി മുടിയും അതിനിടയില്‍ ഫിറ്റ് ചെയ്തിരിക്കുന്ന കറുത്ത വരകൊണ്ടുള്ള 2 കൊമ്പുകളും ചുവന്ന കൈലേസ് കൊണ്ടുള്ള തലേക്കെട്ടും കയ്യിലെ മുള്ളുള്ള ഗദയും പിന്നെ അരയിലെ ഷഡ്ഡിയുമാണ് സര്‍വ്വശക്തന്റെ ആകെമൊത്തം വേഷവിധാനമെന്നാണ്. കടവായില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാവുന്ന 2 കോമ്പല്ലുകള്‍ ഒരു പ്രൊവിഷന്‍ മാത്രം. അത് കരുണാമയന്‍ അവശ്യസമയങ്ങളില്‍, പ്രത്യേകിച്ച് വിക്രമന്റെ കൂട്ടുകാരന്‍ മുത്തുവിനെ പേടിപ്പിക്കാന്‍ മാത്രം ഉപയോഗിക്കുന്നതാണ്. ഈ പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവര്‍ വിദേശത്തില്‍ നിന്നും നുഴഞ്ഞ് കയറിയ മതതീവ്രവാദികളാണ്. അവര്‍ ആദിഗ്രന്ഥമായ, ഭാഷകള്‍ ഉണ്ടാവുന്നതിന് മുന്‍പ് ദൈവം നേരിട്ട് എഴുതി നല്‍കിയ, ബാലരമയില്‍ കണ്‍ഫ്യൂഷനുകള്‍ വരുത്തി മായാവിസത്തെ ജനങ്ങളുടെ മുന്‍പില്‍ കരി തേച്ച് കാണിക്കുവാനും അതുവഴി മായാവിമതത്തിന്റെ അല്‍ഭുതകരമായ ജനസമ്മതി കുറയ്ക്കുവാനുമുള്ള ഗൂഡാലോചന നടപ്പില്‍ വരുത്തുകയാണ്. ഡിങ്കോയിസ്റ്റുകളുടെ സ്വാധീനം പോലും ഈ അവസരത്തില്‍ തള്ളിക്കളയാനാവില്ല, പ്രത്യേകിച്ചും ഡിങ്കോയിസത്തിന്റെ പ്രാധാന്യവും പ്രചാരവും നാള്‍ക്ക് നാള്‍ കുറഞ്ഞ് വരുന്ന ഈ കാലത്ത്. പാരമ്പര്യമായി മായാവിസ്റ്റുകളായ എല്ലാ നല്ല ആളുകളും പഴയ നിയമത്തില്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ. ഖുറാന്റെ പുതിയ പതിപ്പ് എന്ന് പറഞ്ഞ് കുറെ മാറ്റങ്ങളുമായി അതേ പേരില്‍ പുതിയൊരു പുസ്തകം വന്നാല്‍ മുസ്ലീങ്ങളും, ഭഗവത്ഗീതയുടെ പുതിയ പതിപ്പ് എന്ന് പറഞ്ഞ് കുറെ മാറ്റങ്ങളുമായി അതേ പേരില്‍ പുതിയൊരു പുസ്തകം വന്നാല്‍ ഹിന്ദുക്കളും, ബൈബിളിന്റെ പുതിയ പതിപ്പ് എന്ന് പറഞ്ഞ് കുറെ മാറ്റങ്ങളുമായി അതേ പേരില്‍ പുതിയൊരു പുസ്തകം വന്നാല്‍ ക്രിസ്ത്യാനികളും, ബാലമംഗളത്തിന്റെ പുതിയ പതിപ്പ് എന്ന് പറഞ്ഞ് കുറെ മാറ്റങ്ങളുമായി അതേ പേരില്‍ പുതിയൊരു പുസ്തകം വന്നാല്‍ ഡിങ്കോയിസ്റ്റുകളും അംഗീകരിക്കുമോ..?? അതുപോലെ തന്നെ ബാലരമയുടെ പുതിയ പതിപ്പെന്ന പേരില്‍ ആദി ഗ്രന്ഥത്തില്‍ നിന്ന് സമൂലമായ മാറ്റങ്ങളുമായിറങ്ങിയ പുതിയ ബാലരമ എന്ന പേരില്‍ അറിയപ്പെടുന്ന പുസ്തകത്തെയും അതിന്റെ ഉള്ളടക്കത്തെയും യാഥാസ്തിതികരും മായാവിയില്‍ ശക്തമായി വിശ്വസിക്കുന്നവരുമായ ഞങ്ങള്‍ അംഗീകരിക്കില്ല. ഇന്നെന്നല്ല, ഒരു കാലത്തും ആ അംഗീകാരം മറ്റൊരു ഗ്രന്ഥത്തിനും കിട്ടാനും പോകുന്നില്ല.

ഓം ഹ്രീം കുട്ടിച്ചാത്താ..!!

Mr. K# said...

@binu, ലക്ഷം ലക്ഷം‌‌ പിന്നാലെ :-)

ചിത്രഭാനു Chithrabhanu said...

മായാവി വിശ്വാസക്കാരുടെ ശ്രദ്ധക്ക്... ആധുനിക ശാസ്ത്രം മായാവിക്കെതിരാണ് എന്നൊരു വാദഗതിയുണ്ട്. അതിനെ ശക്തിയുത്തം എതിർക്കുക. മായാവിക്കറിയാത്ത ശാസ്ത്രമോ....
മായാവിയും ഭൗതികശാസ്ത്രവും ഇവിടെ വായിക്കുക
http://chithrabhanup.blogspot.com/2010/03/blog-post_11.html