Jan 31, 2009

എന്‍റെ മതാന്വേക്ഷണ പരീക്ഷണങ്ങള്‍



(ഒരു ബ്ലോഗിനുള്ള ടോപ്പിക് ഒന്നുമില്ലാതിരിക്കുകയായിരുന്നു.
അപ്പോ ആണ് വീട്ടില്‍ നിന്ന് കുറേ വഴക്ക് കേള്‍ക്കേണ്ടി വന്നത്...
നിനക്കൊക്കെ എന്തിനാണ് തിന്നാന്‍ തരുന്നത്? ഭക്തിയില്ലാതെ നടക്കാണ്!!
മതമില്ലാത്ത അനീഷാണത്രേ !
പിന്നെ ഡാഡ് അങ്കമാലി മാര്‍ക്കറ്റില്‍ ഉപയോഗിക്കുന്ന കുറേ വാക്കുകളും ആത്മീയത വളരാന്‍ വേണ്ടി അതൊക്കെ എടുത്ത് ഉപയോഗുക്കുന്നതില്‍ തെറ്റില്ല )



എന്‍റെ മതാന്വേക്ഷണ പരീക്ഷണങ്ങള്‍


+2 പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്
വീട്ടുകാര് പറഞ്ഞു ഭക്തി കുറഞ്ഞത് കൊണ്ട്

ചില അസുഖങ്ങള്‍ വന്നു അപ്പോഴും
വീട്ടുകാര് പറഞ്ഞു ഭക്തി കുറഞ്ഞത് കൊണ്ട്

അടുത്ത പ്രശ്നം വരുന്നതിന് മുമ്പ്
ഞാനൊരു ഭക്തനായി മാറി
അപ്പോ ദേ വന്നൂ ഇതിനേക്കാളും വലിയ പ്രശ്നം

അതിനും നാട്ടുകാരും വീട്ടുകാരും പറഞ്ഞു
ഇതിനേക്കാളും വലിയതെന്തോ വരാനിരുന്നതാണ്
അത് വരാതിരുന്നതിന് ദൈവത്തിന് നന്ദി പറയാന്‍

അതും പോരാഞ്ഞ് വേറെ ഒരു കാര്യം കൂടി പറഞ്ഞു
വലിയ മനുഷ്യന്മാര്‍ക്കെല്ലാം വലിയ പ്രശ്നങ്ങളെല്ലാം അനുഭവിക്കേണ്ടതിനെ പറ്റി
ദൈവത്തിന് നന്ദി പറയൂ ഇത്രയുമല്ലേ സംഭവിച്ചുള്ളൂ അതിന്..

അനുഭവങ്ങളാണ് ഓരോരുത്തരെയും ഭക്തന്മാരാക്കുന്നത്

അനുഭവം

ഞാന്‍ കാണാന്‍ പോയ ഒരു സിനിമ കാണാന്‍ എന്‍റെ അച്ചനും കാണാന്‍ വന്നു.
ഞാന്‍ ക്ലാസ്സ് കട്ട് ചെയ്താണ് സിനിമ കാണാന്‍ പോയത്!!അതിന്‍റെ പോസ്റ്റര്‍ കണ്ടാല്‍ ആരും പോകും.
ഒരു ക്ലാസ്സിക് ഫിലിം ആയിരുന്നു.

ഞാന്‍ തിയ്യറ്ററില്‍ സിനിമ കാണാന്‍ ഇരുന്നത് അച്ചന്‍റെ പുറകിലെ സീറ്റില്‍.
ഞന്‍ അച്ചനെ കണ്ടു അച്ചനെന്നെ കണ്ടിട്ടില്ല.
കഷ്ടപ്പെട്ട് ക്യൂവില്‍ നിന്ന് സിനിമ കാണാന്‍ കയറിയിട്ട് എറങ്ങി പോകാനും വയ്യ!
ഞാന്‍ പ്രാര്‍ഥിച്ചു"ദൈവമേ അച്ചന്‍ പുറകിലേക്ക് നോക്കരുതേ"
ആ സിനിമ കാണുമ്പോള്‍ കണ്ണ് ചിമ്മാന്‍ പോലും ആര്‍ക്കും തോന്നില്ല.
പിന്നെ അല്ലേ പുറകിലേക്ക് തിരിഞ്ഞ് നോക്കാന്‍ പോകുന്നത്!

അങ്ങനെ തോന്നുന്നവരെ പൊട്ടന്മാരുടെ കരിമ്പട്ടികയിലുള്‍പ്പെടുത്താം.

ദൈവം അന്ന് എന്‍റെ പ്രാര്‍ഥന കേട്ടു.
അതിന് ശേഷം ഞാനൊരു ഭക്തനാണ്.
ഇത് ഏതെങ്കിലും യുക്തിവാദിയോട് പറഞ്ഞാല്‍ അവര് പറയും ദൈവത്തോട് പ്രാര്‍ഥിച്ചത് കൊണ്ടല്ല
അന്തരീക്ഷത്തിലെ ചില എനര്‍ജികള്‍ പ്രതിപ്രവര്‍ത്തിക്കാഞ്ഞത് കൊണ്ടാണ് അച്ചന്‍ തിരിഞ്ഞു നോക്കാഞ്ഞതെന്നൊക്കെ, അവര് പറയുന്നതാര് കേള്‍ക്കാന്‍!!
അവരോട് പോകാന്‍ പറ!!ഞാന്‍ ഇന്ന് ഒടുക്കത്തെ വിശ്വാസിയാണ്

(ഇപ്പോ ഞാന്‍ ദേവാലയത്തില്‍ പോകാറുണ്ട്
എന്‍റെ വീട്ടില്‍ നിന്ന് ഒരു കി.മീറ്റര്‍ ഉണ്ട് ബസ്സ് സ്റ്റോപ്പിലേക്ക്
ബസ് സ്റ്റോപ്പിലേക്ക് 2 വഴികളില്‍ കൂടി പോകാം.
നേരെയുള്ള വഴിയിലൂടെ പോയാല്‍ 1 കി.മീ ഉണ്ട്.
ദേവാലയത്തിന്‍റെ ഉള്ളിലുള്ള വഴിയിലൂടെ പോയാല്‍ ½ കി.മീ ലാഭിക്കാം.
ഞാനാ വഴിയിലൂടെ ആണ് പോകുന്നത്.

എന്നിട്ടും വീട്ടുകാര്‍ക്ക് പരാതി ആണ് ഞാന്‍ ദേവാലയത്തില്‍ പോകുന്നില്ലത്രേ :)

എന്‍റെ ഫാമിലി റിലീജിയന്‍സ്

എന്‍റെ അച്ചന് ‍: (ഏതാണെന്ന് പറയുന്നില്ല.പറഞ്ഞാല്‍ പിന്നെ മതമില്ലാത്ത അനീഷിന്‍റെ
മതം അതാണല്ലേ എന്ന് ചിലപ്പോ ചിലര് ചോദിക്കും)
(അപ്പൂപ്പന്‍റെ അതേ മതം.തല്‍ക്കാലം അത്രേം അറിഞ്ഞാല് മതി)
അച്ചനാണ് രാവിലെ ദേവാലയത്തിന്‍റെ വാതില്‍ തുറക്കുന്നത്
വീട്ടില്‍ എപ്പോഴും ഭക്തിഭരമായ ചാനല്‍ മാത്രമേ വെയ്ക്കു.
എന്‍റെ അമ്മ : അച്ചനേക്കാളും ഭക്ത
കോമഡി എന്താണെന്ന് വെച്ചാല്‍ ഞങ്ങള്‍ 4 ബ്രദേര്‍സിന്‍റെ മതത്തെ പറ്റിയുള്ള കാഴ്ച്ചപ്പാടാണ്

ഒരു ബ്രദറിന്‍റെ : Other(അതായത് നിലവില്ലുള്ള മതങ്ങളൊന്നുമല്ല)
പിന്നത്തെയാളുടെ : Religious humanism
പിന്നെ ഞാന്‍ : ഡിങ്കോയിസം
വേറൊരാളുടെ : Agonistic Atheist



ഇന്ന് എന്‍റെ ജീവിതത്തില്‍ ഞാനെന്തെങ്കിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍
അതിന്‍റെ കാരണം എന്‍റെ അച്ചനാണെന്ന് കരുതുന്നു.


ആ ഒരു സംഭവത്തിന് ശേഷമാണ് എന്‍റെ കഷ്ടപ്പാടുകളെല്ലാം തുടങ്ങിയത്.

സംഭവം

6 മാസം മുമ്പ് വീടിന്‍റെ ഹൌസ് ഫാമിംഗ് നടക്കുന്നതിന്‍റെ തലേ ദിവസമാണത് സംഭവിച്ചത് !!!
വീട്ടില്‍ അവതാരങ്ങളുടെ രൂപങ്ങള്‍ വലിയ ചില്ലു കൂട്ടില്‍ എന്‍റെ അച്ചന്‍ അറേഞ്ച് ചെയ്യുന്ന സമയം. ഞാന്‍ അതിന്‍റേ കൂട്ടത്തില്‍ ഞാന്‍ വിശ്വാസിക്കുന്ന ഡിങ്കന്‍റെ ഫ്രെയിം ചെയ്ത ഒരു വലിയ ഒരു രൂപവും, പിന്നെ കഴിഞ്ഞ വര്‍ഷം ഡിങ്കന്‍റെ എല്ലാ ലക്കങ്ങളും ചേര്‍ത്ത് ഒരു വലിയ പുസ്തകം ഇറക്കിയിരുന്നു അതും(വേദഗ്രന്ഥം) കൂടി വെയ്ക്കാന്‍ ആവശ്യപ്പെട്ടു.

പറഞ്ഞ് തീര്‍ന്നില്ല

അച്ചന്‍ എന്‍റെ കയ്യിലിലുരുന്ന ഡിങ്കന്‍റെ ഫ്രെയിം ചെയ്ത വലിയ ആ രൂപം എടുത്ത് നിലത്തേക്ക് ഒരു ഏറ്. അതും പോരാതെ വേദഗ്രന്ഥമായ ബാലമംഗളത്തിലെ കുറെ പേജുകളും കീറി കളഞ്ഞു.. പിന്നെ വീടിന്‍റെ വാതിലില്‍ ഒട്ടിച്ചിരുന്ന സ്റ്റിക്കര്‍
"ഡിങ്കനില്‍ വിശ്വസിക്കൂ നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" അതും കീറി കളഞ്ഞു.
ഞാനിത് ടൈപ്പ് ചെയ്യുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ട്

എന്‍റെ സാലറിയുടെ 50% ഇന്‍വെസ്റ്റ് ചെയ്താണ് ആ രുപവും, ഗ്രന്ഥവുമെല്ലാം വാങ്ങിയത്.
പൈസ ഇന്ന് വരും നാളെ പോകും.പക്ഷേ മാനസികമായി ഞാന്‍ തളര്‍ന്നു.
എനിക്ക് എന്‍റെ വിശ്വാസം നിങ്ങള്‍ക്ക് നിങ്ങളുടെത് എന്നൊക്കെ പ്രസംഗിക്കും
ആ രൂപത്തില്‍ നോക്കി പ്രാര്‍ഥിച്ചാണ് ഞാന്‍ ദിവസവും വീട്ടില്‍ നിന്നിറങ്ങി കൊണ്ടിരുന്നത്.
ഇന്നെനിക്കത് സാധിക്കുന്നില്ല. അത് കൊണ്ട് ഒരു പാട് പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു.
ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല വീട്ടുകാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുമായിരുന്നു.
ഇപ്പോ വീട്ടുകാര്‍ക്കും കഷ്ടപ്പാടാണ്. അവര്‍ക്ക് അങ്ങനെ തന്നെ വേണം.

Jan 20, 2009

പറഞ്ഞാ വിശ്വസിക്കോ?

1). ഇത്രയുമൊക്കെയേ പറ്റൂ



ഈ ഫോട്ടോയില്‍ കാണുന്നത് ആരാണെന്നറിയാമോ?

നിങ്ങളൊരിക്കലും ഈ വ്യക്തിയെ ഈ ലോകത്തില്‍ കണ്ടുമുട്ടില്ല. ഈ ഫോട്ടോയിലുള്ള വ്യക്തിയുടെ അമ്മയെ കാണിച്ചാല്‍ പോലും അറിയില്ല എന്നേ പറയൂ.

അതൊക്കെ അവിടെ നില്‍ക്കട്ടെ സംഭവത്തിലേക്ക് കടക്കാം.
ഈ ഫോട്ടോയുടെ ഒറിജിനല്‍ രൂപം ആദ്യം തന്നെ കമ്പ്യൂട്ടറില്‍ കയറ്റുമ്പോള്‍ ഞാനിത്രയും വെളുത്തിട്ടില്ലായിരുന്നു.
അതായത് ഫോട്ടോ സത്യസന്ധമായിരുന്നെന്നര്‍ഥം..
ഏകദേശം ഇങ്ങനെ ഇരിക്കും

ഒറിജിനല്‍ ഫോട്ടോ



ഞാനീ ഫോട്ടോ(ഒറിജിനല്‍ ഫോട്ടോ) ഓപ്പണ്‍ ചെയ്തു ഫോട്ടോ ഷോപ്പില്‍, എന്നിട്ട് ബ്രൈറ്റ്നെസ്സ് ഫുള്‍ ആക്കി എന്നിട്ട് അനീഷ് 1 എന്ന പേരില്‍ സേവ് ചെയ്തു.
അതിനു ശേഷം അനീഷ്1 റീ ഓപ്പണ്‍ ചെയ്തുm എന്നിട്ട് വീണ്ടും ബ്രൈറ്റ്നെസ്സ് ഫുള്‍ ആക്കി.
അങ്ങനെ 10 പ്രാവശ്യം ബ്രൈറ്റ്നെസ്സ് ഫുള്‍ ആക്കി. എന്നിട്ടും എനിക്ക് മതിയായില്ല.
ഇത്തിരി കൂടി ഞാന്‍ വെളുക്കാനുണ്ട് എന്നെനിക്ക് തോന്നി
അങ്ങനെ അനീഷ് 10 എന്നത് വീണ്ടും ഓപ്പണ്‍ ചെയ്തു. എന്നിട്ട് വീണ്ടും ബ്രൈറ്റ്നെസ്സ് ഫുള്‍ ആക്കാന്‍
നോക്കിയപ്പോള്‍ ഒരു മെസ്സേജ് ബോക്സ് ഡിസ്പ്ലേചെയ്തു.അതിലിങ്ങനെ എഴുതിയിരുന്നു.




ഫോട്ടോ ഷോപ്പ് സൃഷ്ടിച്ചവരില്‍ മലയാളികളുണ്ടെന്ന് എന്‍റെ അനിയന്‍ പറഞ്ഞതോര്‍മ്മ വന്നു.
ഫോട്ടോ ഷോപ്പ് ലോഡ് ചെയ്ത് വരുമ്പോള്‍ കുറച്ച് ഇന്‍ഡ്യക്കാരുടേ പേരെഴുതി വരുന്നത് നിങ്ങള്‍ക്ക് കാണാം. അതില്‍ രണ്ട്,മൂന്ന് മലയാളികളുണ്ട്...തെണ്ടികള്....

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഐഡിന്‍റിന്‍റി കാര്‍ഡ്ഡില്‍ ഈ ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്.

ഇതും ഇട്ടുകൊണ്ട് വല്ല സ്ഥല്‍ത്തും ചെന്നാല് ഐഡിന്‍റിന്‍റി കാര്‍ഡ്ഡിലെ ഫോട്ടോ കണ്ടിട്ട്

ഈ ഫോട്ടോയിലുള്ള ആള് വന്നില്ലേ? എന്ന് ചോദിക്കും.
അത് കൊണ്ട് ഞാനെന്‍റെ ഐഡിന്‍റിന്‍റി കാര്ഡ്ഡ് 2 ദിവസം കഞ്ഞി വെയ്ക്കുന്ന അടുപ്പിലെ ചാരത്തിലിട്ടിരിക്കുകയായിരുന്നു
മൂന്നാമത്തെ ദിവസം എടുത്ത് നോക്കിയപ്പോള്‍ ഏകദേശം എന്‍റെ പോലെ ആയിട്ടുണ്ട്.




2). പട്ടിക്കെന്തിനാ ഷൂസ്?

ഇന്നലെ രാത്രി ഒരു പട്ടി എന്‍റെ വീട്ടില്‍ എത്തി എന്‍റെ ഷൂസെടുത്തു ...
എന്നിട്ട് പട്ടി എന്‍റെ ഷൂ അതിന്‍റെ യജമാനന്‍റെ വീട്ടിലേക്ക് കൊണ്ടു പോയി ...
ഇന്ന് രാവിലെ ജോലിക്ക് പോകാന്‍ ഞാന്‍ എണീറ്റപ്പോള്‍ ഷൂസ് കാണാനില്ല,
എല്ലായിടത്തും അന്വേക്ഷിച്ചു ..
അവസാനം പട്ടിയുടെ വീട്ടിലെത്തി ..
അവിടെ പട്ടി ഷൂസിന്‍റെ അടുത്ത് കിടപ്പുണ്ട് ...


ഞാന്‍ ചോദിച്ചു ആ പട്ടീടെ മോനോട് (ജോലിക്ക് പോകാന്‍ ആകെ വൈകിയതിന്‍റെ ദേഷ്യത്തില്‍)‍ പട്ടിക്കെന്തിനാ ഷൂസ്? .........................
............. അപ്പോ പട്ടി എന്നോടും തിരിച്ച് ചോദിച്ചു ........
പട്ടിക്കെന്തിനാ ഷൂസ്?......................................

ഭാഷാശാസ്ത്രം പഠിക്കാത്ത പട്ടി ആയത് കൊണ്ട് ഞാന്‍ ക്ഷമിച്ചു ........
രണ്ട് ദിവസമായി ടി.വിയില്‍ അച്യുതാനനന്ദന്‍റെ പട്ടി വിവാദമോ ........
സുരേഷ് ഗോപിയുടെ ഏതെങ്കിലും സിനിമയൊ കണ്ട പട്ടി ആയിരിക്കണം ........

പട്ടി എന്നത് പട്ടികള്‍ക്ക് വരെ മോശം വാക്കായി . പട്ടികള് ‍!!!