Dec 31, 2008

അങ്ങനെ ഞാനും കമ്പ്യൂട്ടര്‍ എഞ്ചിനീയറായി


സാഹചര്യങ്ങാളാണ് മനുഷ്യനെ
സോഫ്റ്റ്വെയര്‍ എഞ്ചിനീയറും
ഹാര്‍ഡ് വെയര്‍ എഞ്ചിനീയറുമൊക്കെ ആക്കുന്നത്.! സംശയമുണ്ടോ?
.
.
.




5-6 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ +2 വിന് പഠിക്കുന്ന സമയം. എന്‍റെ ഒരു ബന്ധു ഞങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ തന്നു. ഞാനൊഴികെയുള്ള എന്‍റെ സഹോദരന്മാര്‍ക്കെല്ലാം കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയാം.

കമ്പ്യൂട്ടറുപയോഗിച്ച് സിനിമ കാണാം, ഗെയിം കളിക്കാം എന്ന് പത്താം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടായിരുന്നത് കാരണം വീട്ടിലെ ആരും പഠിപ്പിക്കാതെ തന്നെ ഞാനും കമ്പ്യൂട്ടറുപയോഗിക്കാന്‍ പഠിച്ചു.
അനിയന്‍റെ കഴിവ് പുതിയ സോഫ്റ്റ്വെയറുകള്‍ ഇറങ്ങുന്നത് ഉപയോഗിക്കുന്നത് ആണെങ്കില്‍, ചേട്ടന്‍റേത് ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നതില്‍ ആയിരുന്നു. ഞാന്‍ കമ്പ്യൂട്ടറില്‍ എക്സ്പര്‍ട്ട് ആയിരുന്നത് ആരെങ്കിലും എന്തെങ്കിലും ഫോള്‍ഡറുകളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് കണ്ടുപിടിക്കുന്നതിലായിരുന്നു.

അങ്ങനെ ഞാന്‍ +2 പഠിച്ച് തീരാറായ സമയം. എല്ലാവരും ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ പറയുന്ന സമയം. അതായത് നിനക്ക് സില്‍മാ നടനാകണോ അതോ ഓട്ടോ റിക്ഷ ഡ്രൈവറാകണോ വേഗം തീരുമാനമെടുത്തോ എന്നൊക്കെ. ഞാനപ്പോ അതൊന്നും ശ്രദ്ധിച്ചില്ല.


ഈ ദിവസങ്ങളിലൊരു ദിവസമാണ് അത് സംഭവിച്ചത്.
ഞാന്‍ കമ്പ്യൂട്ടറില്‍ ടെട്രിക്സ് ഗെയിം കളിക്കുന്ന സമയം.


(ടെട്രിക്സ് കളിയുടെ ഒരു ഫോട്ടം)


മന്ദബുദ്ധികള്‍ക്ക് വരെ പോയിന്‍റെടുക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത ഒരു കളി. ഞാന്‍ കഷ്ടപ്പെട്ടിരുന്ന് ആ ഗെയിം കളിക്കുകയാണ്. അപ്പോള്‍ ആണ് എന്‍റെ ചേട്ടന്‍ മുറിയിലേക്ക് വേഗത്തില്‍ കയറി വന്നത്.


ആ വേഗത്തിലുള്ള വരവ് കണ്ടാലറിയാം അങ്ങേര്‍ക്ക് കമ്പ്യൂട്ടറില്‍ എന്തെങ്കിലും ചെയ്യാനാണെന്ന്. ഞാന്‍ 500 പോയിന്‍റുമായി തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് ഗെയിം കളിക്കുകയാണ്. ചേട്ടന്‍ പെട്ടെന്ന് ടെലിബ്രാന്‍ഡ് ഷോയിലൊക്കെ പറയുന്ന പോലെ ഒരു ഒച്ച പെട്ടെന്ന് പുറപ്പെടുവിച്ചു
“ വ്വൌ!!!!!!!!!!! ”
എന്നിട്ട് പറഞ്ഞു : “നീ പുലിയാണല്ലോ .നീയൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകേണ്ടവനാണ്...”

“ടാ നീ ഒന്ന് എണീറ്റ് പോടാ കമ്പ്യൂട്ടറിന്‍റെ മുമ്പില്‍ നിന്ന് എനിക്കൊരു കാര്യം നോക്കാനുണ്ട് ”എന്ന് ചേട്ടന്‍ പറഞ്ഞാല്‍ ഞാന്‍ മാറില്ല എന്ന് ചേട്ടന് അറിയാം അത് കൊണ്ട് എന്നെ പൊക്കി പറഞ്ഞിട്ട് കമ്പ്യൂട്ടര്‍ കയ്യടുക്കുകയായിരുന്നു ലക്ഷ്യം. ആദ്യം പൊക്കി പറഞ്ഞിട്ട് നീ ഒന്ന് കുറച്ച് നേരത്തേക്ക് എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ തരുമോ എന്ന് ചോദിച്ചാല്‍ ഞാന്‍ മാറി തരും എന്ന് ചേട്ടനറിയും. അല്ലെങ്കില്‍ പോടെര്‍ക്കാ എന്നേ ഞാന്‍ പറയൂ. പക്ഷേ എന്നെ പുകഴ് ത്തി സംസാരിച്ചത് കൊണ്ട് മാത്രം ഞാന്‍ അപ്പോ തന്നെ ചേട്ടന് ഞാന്‍ കമ്പ്യൂട്ടര്‍ കൈമാറുകയും ചെയ്തു.


കഷ്ടകാലത്തിന് നീ പുലിയാണല്ലോ .നീയൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകേണ്ടവനാണ്...
എന്നത് എന്‍റെ മനസ്സില്‍കിടന്നു.


അങ്ങനെയിരിക്കെ എന്‍റെ +2 റിസല്‍റ്റ് വന്നു. പുറത്ത് പറയാന്‍ നാണം തോന്നുന്ന വിധത്തിലുള്ള നല്ല മാര്‍ക്ക്. +2 സയന്‍സ്സ് പഠിച്ച എനിക്ക് കോളെജില്‍ ബി.എ ക്കോ ബിക്കോമിനോ അഡ്മിഷന്‍ കിട്ടുകയുള്ളൂ എന്ന സ്ഥിതി. എല്ലാ കോളേജുകളിലും ബി.എസ്.സിയുടേ ഫോം ഫില്ല് ചെയ്ത് കൊടുത്തു. മഹാരാജാസ് കോളേജില്‍ വീണ വിദ്വാന്‍ എന്നത് വെറുതെ സെലക്ട് ചെയ്ത് കൊടുത്തു. മഹാരാജാസില്‍ നിന്ന് മാത്രം എന്നെ വിളിച്ചു ഞാന്‍ പോയില്ല. കാരണം എന്‍റെ ജീവിതത്തില്‍ വീഴ്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇനി വീണ വിദ്വാന്‍ എന്ന പേരും കൂടി ആകുമ്പോ... വേണ്ട.
അങ്ങനെ ആകെ വിളിച്ച ആ ഇന്‍റര്‍വ്വ്യൂന് പോയില്ല.


കഷ്ടകാലത്തിന് എനിക്ക് 10-ആം ക്ലാസ്സില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു. അത് കൊണ്ട് അവസാനം ഡിപ്ലോമയ്ക്കും അപേക്ഷ കൊടുത്തു. അത് അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം ഞാന്‍ തന്നെ അച്ചന്‍റെ ഒപ്പിട്ട് ഫോം കൊടുത്തു.


അങ്ങനെ ഡിപ്ലോമയ്ക്ക് എന്നെ ഇന്‍റര്‍വ്വ്യൂന് വിളിച്ചു. അവിടെ ചെന്നപ്പോള്‍ ചോദിച്ചു.
“സിവില്‍ വേണോ മെക്കാനിക്കല്‍ വേണോ ഇലക്ട്രോണിക്സ് വേണോ അതോ കമ്പ്യൂട്ടര്‍ വേണോ ?”
ഇന്‍റര്‍വ്യൂന് അച്ചന്‍ കൂടെ ഉണ്ടായിരുന്നു. കഷ്ടകാലത്തിന് എന്‍റെ മനസ്സില്‍ പണ്ടത്തെ ആ സംഭവം ഓര്‍മ്മ വന്നു

കഷ്ടകാലത്തിന് “നീ പുലിയാണല്ലോ .നീയൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകേണ്ടവനാണ്...

അങ്ങനെ ഞാന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിന് ജോയിന്‍ ചെയ്തു........................

.
.
.
.
.
.
.
ക്ലാസ്സ് തുടങ്ങിയപ്പോഴാണ് ഞാന്‍ അറിഞ്ഞത് ഞാന്‍ കളിക്കുന്ന ഗെയിമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് എടുക്കുന്നവരല്ല കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകുന്നത് എന്ന് . ഞാന്‍ കളിച്ചുകൊണ്ടിരുന്ന ഗെയിമുകളൊക്കെ ഉണ്ടാക്കുന്ന ജോലി. അവിടെ പ്രോഗ്രാമിംഗ് ആണ് പഠിക്കേണ്ടത്
കോഡിംഗ് മാങ്ങത്തൊലി. പെട്ടു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ?
വീട്ടുകാരോട് ഉള്ള ഇഷ്ടം കൊണ്ടും ഡിങ്കന്‍റെ വേദഗ്രന്ഥമായ ബാലമംഗളത്തിലെ 7-മത്തെ അദ്ധ്യായത്തില്‍ പറയുന്നത് പോലെ "മനുഷ്യന്‍ വിചാരിച്ചാലെന്താണ് സാധിക്കാത്തത് " എന്നതെല്ലാം കൊണ്ടും ഞാന്‍ 3 വര്‍ഷം കൊണ്ട് ഡിപ്ലോമ പഠിച്ച് ജയിച്ചു (14 സപ്ലിമെന്‍ററി പരീക്ഷകള്‍ ഉണ്ടായിരുന്നു)

പഠിച്ചത് സോഫ്റ്റ്വെയറാണെങ്കിലും ഹാര്‍ഡ് വെയറിലേക്ക് ചാടി. സോഫ്റ്റ്വെയറില്‍ രക്ഷപ്പെടണമെങ്കില്‍ ലോജിക്ക് വേണം.എനിക്ക് ലോജിക്ക് ഉള്ളത് കൊണ്ട് വേഗം ഞാന്‍ ഹാര്‍ഡ് വെയറിലേക്ക് ചാടി.

ഇന്ന് കേരളത്തില്‍ എല്ലാവരും സ്മാര്‍ട്ട് സിറ്റി വരാന്‍ പോകുകയല്ലേ ഐ.ടി എടുത്താല്‍ മതി എന്നും പറഞ്ഞ് നടക്കുന്ന ചില അച്ചനമ്മമാരുണ്ട്. അവരെ സൂക്ഷിക്കുക ബോളിവുഡിലോ ഹോളിവുഡിലോ
സില്‍മാ നടനാകണ്ട ഞാനിപ്പോള്‍ ഒരു ബാങ്കില്‍ നെറ്റ് വര്‍ക്കിംഗ് ജോലി ചെയ്യുന്നു. വിധിവൈപരീത്യം അല്ലാതെന്താ പറയാ..


പണ്ടത്തെ നമ്മുടെ ചേട്ടന്‍
(നീ പുലിയാണല്ലോ .നീയൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകേണ്ടവനാണ്...)
ഇപ്പോള്‍ എന്‍റെ ബ്ലോഗ് കണ്ടിട്ട് പറഞ്ഞിരിക്കുകയാണ്
നന്നായിട്ടുണ്ട് നീ വല്ല സാഹിത്യകാരനുമാകേണ്ടവനാണെന്ന്.
പക്ഷേ ഇപ്പൊ എനിക്കൽപ്പം ബുദ്ധി വന്നത് കാരണം മൈന്‍ഡ് ചെയ്യാതിരിക്കുകയാണ്...........


(ഈ കഥകളൊക്കെ സാങ്കൽപ്പികം മാത്രം. വേറെ ഏതെങ്കിലും സിനിമയിലോ, സീരിയലിലോ, നാടകത്തിലോ ഇത് കണ്ടിട്ടുണ്ടെങ്കിലത് എന്‍റെ കുഴപ്പമല്ല ഇതിലെ ഞാന്‍ -ഞാനാണ്-അത് സത്യമാണ്. എന്‍റെ ചേട്ടന്‍ എന്നൊക്കെ വെറുതെ എഴുതിയതാണ്)

Dec 25, 2008

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ !!!





ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച സന്ദര്‍ഭം

ഒരു ദിവസം രാവിലെ ഒരു കിലോ പഴം അച്ഛന്‍ വാങ്ങിക്കൊണ്ടു വന്നു. അതില്‍ മൊത്തം 9 പഴങ്ങളുണ്ടായിരുന്നു.അതില്‍ 8 എണ്ണം എന്‍റെ സഹോദരന്‍ തിന്നു. 9-മത്തെയും അവന്‍ തിന്നാന്‍ തുടങ്ങിയപ്പോള്‍ അവനൊരു ഫോണ്‍വന്നു. അത് കൊണ്ട് ആ പഴം അവിടെ വെച്ച് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോയി.

ഈ സമയത്താണ് ഞാന്‍ വീട്ടിലേക്ക് വരുന്നത്. ഉച്ചയ്ക്ക് ചോറ് പോലും തിന്നാതെ വിശന്ന് വന്ന ഞാന്‍ മേശപ്പുറത്തിരുന്ന ആ ഒരു പഴം എടുത്തു തിന്നു. രാത്രി കറന്‍റ് പോയപ്പോള്‍ കുടുംബത്തിലെല്ലാവരും ഒന്നിച്ചിരിക്കുന്ന സമയത്ത് അച്ചന്‍ ചോദിച്ചു.

“ഞാനിന്ന് രാവിലെ ഒരു കിലോ പഴം ‍ വാങ്ങിക്കൊണ്ട് വന്നിരുന്നല്ലോ അത് തീര്‍ന്നോ?“
അപ്പോള്‍ സഹോദരന്‍റെ മറുപടി : ആ !! അത് തീര്‍ന്നു. തീര്‍ത്തത് ഇവനാണ്. എന്നെ ചൂണ്ടി കൊണ്ട് അവന്‍ പറഞ്ഞു

എന്‍റെ സഹോദരന്‍ പറഞ്ഞത് ശരിയാണ് അവസാനത്തെ പഴം തിന്നത് ഞാനാണ്.
അന്നെനിക്കുണ്ടായ ദു:ഖം .ആത്മഹത്യയെ പറ്റി പോലും ആലോചിച്ചു !!





ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച സന്ദര്‍ഭം

എന്‍റെ അച്ചന്‍ ഒരു വര്‍ഷമായി കഷ്ടപ്പെട്ട് വീടുപണി നടത്തി വരികയാണ്. അങ്ങനെയിരിക്കെ വീടുപണിയുടെ അവസാനത്തെ സ്റ്റേജില്‍ അച്ചന് ചെറിയ ഒരു പനി പിടിപ്പെട്ടു.

ഒരു വര്‍ഷമായി വീടുപണിയില്‍ അതുവരെ ഒരു സഹായവുമില്ലാതിരുന്ന ഞാന്‍ അവസാനം പെയിന്‍റ് അടിക്കുന്നത് നോക്കി നിന്നു കുറച്ച് ദിവസം.


HOUSEWARMING-ന്‍റെ ദിവസം ഒരു അയല്‍വാസി പറയുകയാണ്. ഈ വീടുപണി തീര്‍ത്തത് ഞാനാണ് എന്ന രീതിയില്‍. ഭാഗ്യത്തിനത് എന്‍റെ ഡാഡ് കേട്ടില്ല . കേട്ടെങ്കില്‍ പറഞ്ഞ ആളെ കൊന്നേനേ. എന്തായാലും ഈ വീടുപണി തീര്‍ത്തത് ഞാനാണ് എന്ന രീതിയിലുള്ള
ആ അയല്‍വാസിയുടെ ഡയലോഗ്....ഓ.....പൂട്ടും പഴവും തിന്നുമ്പോള്‍ പോലും ഇത്രയും സന്തോഷം കിട്ടില്ല









മുകളില്‍ എഴുതിയിരിക്കുന്നതും ഈ ഡയലോഗും തമ്മില്‍ ഒരു ബന്ധവുമില്ല



ബന്ധമില്ലാത്തതിനെ വെറുതെ ബന്ധിപ്പിച്ചു അത്രയേയുള്ളൂ.
എന്നാല്ലല്ലേ അസംബന്ധമായ എന്തെങ്കിലുമുണ്ടാകൂ.

Dec 18, 2008

എന്തോ പോലെ





123 കരാറിനേക്കാളും വലുത്
ശുദ്ധജലവും ശുദ്ധവായുവുമെന്ന പോലെ
തെറ്റ് ചെയ്താല്‍ ശിക്ഷ അനുഭവിക്കുമെന്നറിഞ്ഞ്
എല്ലാവരും
തെറ്റ് ചെയ്യുന്നത് നിര്‍ത്തുന്ന കാലത്തില്‍

പീഡനങ്ങള്‍ കുറക്കാനായി പട്ടികളുടേതെന്ന പോലെ
മനുഷ്യനും ഒരു മാസമെന്ന നിയമം പോലെ
മൂത്രമൊഴിക്കുമ്പോള്‍ ഒരു കാലില്‍ മൂത്രമാ‍കാതിരിക്കാനായി
പട്ടികള്‍ രണ്ടു കാലും പൊക്കുന്ന കാലത്തില്‍

DJ പാര്‍ട്ടികളില്‍ യോഗികളും സൂഫികളും
സ്ഥിരമായി വരുന്ന കാലം പോലെ
ലോകത്തിലെ അസുഖങ്ങളെല്ലാം മാറ്റുന്നത്
ഡോക്ടര്‍മാരാകുന്ന കാലത്തില്‍

ഇത്രയും വരികളായില്ലേ ഈ കവിത നിര്‍ത്തിക്കൂടെ എന്ന്
നിങ്ങള്‍ വിചാരിക്കുന്ന പോലെ
പക്ഷേ നിങ്ങളുടെ വിചാരങ്ങള്‍ ഞാന്‍ തെറ്റിക്കുന്ന പോലെ

B.C.G കുത്തിവെയ്പ്പ് എടുക്കാത്ത വന്യമൃഗങ്ങള്‍
കാട്ടില്‍ പിച്ച തെണ്ടുന്ന കാലം പോലെ
ലോകത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഭൌതികവാദവും ആത്മീയവാദവുമാണെന്ന്
രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വിശ്വസിക്കാത്ത കാലത്തില്‍

മൃഗഡോക്ടര്‍മാരുണ്ടാകാന്‍ പ്രാര്‍ഥിച്ച മൃഗങ്ങളുടെ പ്രാര്‍ഥനയുടെ
ഫലമായി മൃഗഡോക്ടര്‍മാരുണ്ടായ പോലെ
മള്‍ട്ടിനാഷണല്‍ കമ്പനികളുടേ
നിസ്വാര്‍ഥമായ സേവനമുള്ള കാലത്തില്‍


കൂട്ടിനുള്ളിലെ സ്വാതന്ത്ര്യം പട്ടിക്കും പക്ഷിക്കും
ധാരാളമെന്ന് മനുഷ്യന്‍ കരുതാത്ത പോലെ
ലോകത്തില്‍ പഴങ്ങളും പച്ചകറികളുമുണ്ടാകാന്‍ കാരണം
കീടനാശിനികളാണെന്ന് കരുതാത്ത കാലത്തില്‍

കോഴിയിറച്ചിയും പട്ടിയിറച്ചിയും പന്നിയിറച്ചിയും
മനുഷ്യന്
തിന്നാന്‍ സൃഷ്ടിച്ച പോലെ
നഗരങ്ങളില്‍ തണല്‍ കിട്ടാനായി റോഡിനിരുവശവും
കെട്ടിടങ്ങള്‍ വെച്ച് പിടിപ്പിക്കാത്ത കാലത്തില്‍

ജാതി ഇല്ലാതാക്കാനായി 24 മണിക്കൂറും ജാതിയെകുറിച്ച്
പ്രസംഗിക്കുന്ന ആത്മീയ ഗുരുവിനെ പോലെ
ഞാനെന്റെ മതം ശരി ആണെന്ന് കരുതുന്നത് കാരണം
എല്ലാവരുടെയും കാര്യത്തില്‍ അത്
ശരിയാകുമെന്ന് കരുതാത്ത കാലത്തില്‍

രാത്രി വെള്ളം കുടിച്ചുറങ്ങുന്ന കോഴികള്‍
പാതിരാത്രി മൂത്രമൊഴിക്കാന്‍ എണീറ്റ പോലെ

പ്രശ്നങ്ങള്‍ ദൈവം തന്നത്
ദൈവത്തെ ഓര്‍ക്കാനെന്ന് മനുഷ്യന്‍ കരുതാത്ത കാലത്തില്‍

ഒന്നിനെകുറിച്ചും വിശ്വസിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ
എന്തെങ്കിലും വിശ്വസിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ എന്ന പോലെ

യുദ്ധത്തെ എല്ലാവരും വെറുക്കുന്ന പോലെ
നാടോടികള്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന കാലത്തില്‍

ഇതോടെ കവിത തീര്‍ന്ന പോലെ!

(അനീതിയെ ശാശ്വതവല്‍ക്കരിക്കാനല്ല ഈ കവിത ..)

Dec 2, 2008

ഗുണപാഠം




ഒരിക്കലൊരു അച്ചനും മകനും താമസിക്കുന്ന ഒരു
വീട്ടില്‍ രാത്രി പാമ്പ് കയറി.

അച്ചനുറങ്ങുകയായിരുന്നു ഈ സമയം
ഇത് കണ്ട മകന്‍ പാമ്പിനെ ഒരു വടിയെടുത്ത് അടിച്ചോടിച്ചു.

പിറ്റേ ദിവസം അച്ചനോട് മകന്‍ ഈ കാര്യം പറഞ്ഞപ്പോള്‍
അച്ചന്‍ പറഞ്ഞു : “ഒന്ന് പോടാ അവിടുന്ന് !! ഈ വീട്ടില്ലല്ലേ പാമ്പ് !“.


ആ ദിവസം വീണ്ടും പാമ്പ് വീട്ടില്‍ കയറി.
അന്നും മകനുറങ്ങിയിരുന്നില്ല. അവന്‍ പാമ്പിനെ കണ്ടു.
അവന്‍ പറഞ്ഞത് വിശ്വസിക്കാത്ത അച്ചനോടുള്ള
ദേഷ്യം അവന്‍റെ മനസ്സിലുണ്ടായിരുന്നു.
അത് കൊണ്ട് അവന്‍ മിണ്ടാതെ കിടന്നു.
പാമ്പ് അച്ചന്‍റെ കാലിന്‍റെ അടുത്തെത്തി. ഒരു കടി.

(ഗുണപാഠം:എല്ലാ കഥകള്‍ക്കും ഗുണപാഠമുണ്ടാകുമെന്ന് കരുതരുത്)